പ്രബല തദ്ദേശീയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന് ഇന്ത്യൻ വിപണിയിൽ ചില വലിയ പദ്ധതികളുണ്ട്. പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത മൂന്നുമുതല്‍ നാല് വർഷത്തിനുള്ളിൽ കമ്പനി നാല് പുതിയ മോഡലുകൾ അവതരിപ്പിക്കും. വരാനിരിക്കുന്ന ഹീറോ പ്രീമിയം ബൈക്കുകൾ കോർ പ്രീമിയം, അപ്പർ പ്രീമിയം എന്നിങ്ങനെ രണ്ട് വ്യത്യസ്‍ത വിഭാഗങ്ങളിൽ പെടും. നിലവിൽ, കമ്പനി മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. പുതിയ കരിസ്‍മ XMR 210-ന് കരുത്ത് പകരുന്ന 210cc ലിക്വിഡ്-കൂൾഡ് എഞ്ചിൻ, 420cc ലിക്വിഡ്-കൂൾഡ് എഞ്ചിൻ, ഹാർലി-ഡേവിഡ്‌സൺ X440-ന് കരുത്ത് പകരുന്ന 440 സിസി ഓയിൽ-കൂൾഡ് മോട്ടോർ എന്നിവയാണവ.
പ്രീമിയം മോട്ടോർസൈക്കിൾ രംഗത്തെ വളർച്ചയിൽ ഹാർലി-ഡേവിഡ്‌സൺ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഹീറോ മോട്ടോകോർപ്പിന്റെ ചെയർമാൻ പവൻ മുഞ്ജൽ അടുത്തിടെ പറഞ്ഞു. ഹാർലി-ഡേവിഡ്‌സണുമായി ചേര്‍ന്ന് തങ്ങള്‍ ആദ്യമായി സംയുക്തമായി വികസിപ്പിച്ച ഹാർലി X440-യ്ക്ക് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കിൽ, ആഗോള തലത്തിൽ പങ്കാളിത്തം വിപുലീകരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർലി-ഡേവിഡ്‌സൺ X440-ന്റെ അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായ ഹീറോയുടെ പുതിയ പ്രീമിയം ബൈക്ക് ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (അതായത്, 2024 ആദ്യം) പുറത്തിറക്കുമെന്നും മുഞ്ജാൽ വെളിപ്പെടുത്തി.
വരാനിരിക്കുന്ന ഹീറോ പ്രീമിയം ബൈക്കിന് എക്‌സ്ട്രീം 440R എന്ന് പേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 440 സിസി സിംഗിൾ-സിലിണ്ടർ, 2-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന ഹാർലി-ഡേവിഡ്‌സൺ X440-യുമായി മോഡൽ അതിന്റെ പവർട്രെയിൻ പങ്കിടും. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ, 27bhp കരുത്തും 38Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. പുതിയ ഹീറോ എക്‌സ്ട്രീം 440R അതിന്റെ ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഹാർലി-ഡേവിഡ്‌സൺ X440-മായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
വരും മാസങ്ങളിൽ പൂർണ്ണമായി ഫെയർ ചെയ്‍ത കരിസ്‍മ XMR 210 പുറത്തിറക്കാൻ ഹീറോ മോട്ടോര്‍ കോര്‍പ്പ് ഒരുങ്ങുകയാണ്. മുൻഭാഗം ഷാര്‍പ്പായതും ഉയരമുള്ളതുമായ ഹാൻഡിൽബാറുകൾ, സ്ലീക്കർ ടെയിൽ പ്രൊഫൈൽ എന്നിവയുള്ള തികച്ചും പുതിയ ഡിസൈൻ ഭാഷയാണ് മോഡലിന്റെ സവിശേഷത. കരുത്തിനായി, ബൈക്കിൽ 210 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉപയോഗിക്കും. ഈ എഞ്ചിൻ 25 ബിഎച്ച്പിയും 30 എൻഎം ടോർക്കും നൽകും.