റെസ്റ്റോറന്റുകൾ, പാചക വീഡിയോകൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വിഷയങ്ങളാണ്. പാചക വീഡിയോകളിൽ, പതിനായിരം പേരുടെ ബിരിയാണി, നൂറ് കോഴിയുടെ ചിക്കൻ കറി തുടങ്ങിയവയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കൂടുതലാണ്. സമാനമായ രീതിയിൽ, കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു റോട്ടി നിർമ്മാണ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. ഒരു വ്യക്തി തന്റെ കൈകളാൽ ഒറ്റയ്ക്ക് 12 അടി വലിപ്പമുള്ള വലിയ റോട്ടി ചുട്ടെടുക്കുന്നതായിരുന്നു വീഡിയോയിൽ.
പുതിയ സാങ്കേതിക വിദ്യയൊന്നും തന്നെ ഉപയോഗിക്കാതെ പരമ്പരാഗതമായ രീതിയില്‍ തീ കൂട്ടിത്തന്നെയാണ് അദ്ദേഹം റൊട്ടി ചുട്ടെടുത്തത്. സാങ്കേതിക വിദ്യ ഇത്രയും വികസിച്ചിട്ടും ഇത്തരം പരമ്പരാഗത ഭക്ഷണ നിര്‍മ്മാണ രീതിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിലര്‍ കുറിച്ചത്, റൊട്ടിയുടെ നിര്‍മ്മാണത്തിലെ ലാളിത്യവും അതേസമയം അതിന്‍റെ കൂറ്റന്‍ വലിപ്പവും കൊണ്ടാണ്. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നുള്ള കണ്ടന്‍റ് ക്രീയേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിച്ച യു ക്രീയേറ്റ് സീ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.