സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആണ്. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പി ജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. ജൂണ്‍ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 22ന് നടക്കും.
ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളേജ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി അറിയിച്ചു.