മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ചില ആശയങ്ങൾ മമ്മൂട്ടിയുമായി പങ്കുവച്ചിട്ടുണ്ടെന്നും എന്നാൽ സ്ക്രിപ്റ്റിംഗ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ദലീഷ് പറഞ്ഞു. ഇന്ത്യൻ എക്സപ്രസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
“ഞാൻ മമ്മുക്കയുമായി കുറച്ച് ഐഡിയകൾ കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ചർച്ചകൾ നടക്കുകയാണെന്ന് പറയാം. എന്നാലും, ഞങ്ങൾ ഇതുവരെ ഒരു ദൃഢമായ പ്ലാൻ വികസിപ്പിച്ചിട്ടില്ല അല്ലെങ്കിൽ സ്ക്രിപ്റ്റ് എഴുതിയിട്ടില്ല”, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. അതോടൊപ്പം തന്നെ മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ താലപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഒ ബേബി എന്ന ചിത്രമാണ് ദിലീഷ് പോത്തന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രഞ്ജൻ പ്രമോദ് ആയിരുന്നു സംവിധാനം. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കിയ ‘ഒ. ബേബി’യില്‍ ദിലീഷ് പോത്തനായിരുന്നു നായകൻ. അരുൺ ചാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.