അമിതാഭ് ബച്ചനും ഷാറുഖ് ഖാനും വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിൽ. ഒരു പരസ്യത്തിനു വേണ്ടിയാണ് ഇരുവരുടെയും ഒത്തുചേരൽ. പരസ്യത്തിൽ സിനിമാ താരങ്ങളായി തന്നെയാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്.
ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പാപ്പരാസികൾ ഷാറുഖിനെ വളയുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി തൊട്ടടുത്ത കാരവനിൽ അമിതാഭ് ഉണ്ടെന്ന് ഷാറുഖ് പറയുന്നു. ബച്ചന്റെ അടുത്തെത്തുമ്പോൾ ഷാറുഖിന്റെ പേര് പറഞ്ഞ് തടിതപ്പുകയാണ് ബച്ചനും.
ഒടുവിൽ രണ്ട് താരങ്ങളെയും ഒരുമിച്ച് പാപ്പരാസികൾ വളയുന്നു. ഇതോടെ ഇവരുടെ ശ്രദ്ധതിരിക്കാൻ വേണ്ടി ആലിയയുടെ പേര് പറഞ്ഞ് ഇവർ രക്ഷപ്പെടുകയാണ്. ഈ പരസ്യം റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പ് ജവാൻ ട്രെയിലറിലും ആലിയ ഭട്ടിന്റെ പേര് ഷാറുഖ് പരാമർശിച്ചിരുന്നു. രസകരമായ ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു.