പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്ന് സുപ്രീംകോടതി. നിസാര പ്രശ്‌നങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ എത്തുന്ന പ്രവണത ശരിയല്ലെന്നും സുപ്രീം കോടതി നീരീക്ഷണം. ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ നീരീക്ഷണം. ഓരോരുത്തരുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് സുപ്രീംകോടതിക്ക് ഇത്തരം ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റീസുമാരായ എസ്.കെ കൗ്ള്‍, സുധാന്‍ഷു ദൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മത ഗ്രന്ഥങ്ങളുടെ തനി പകര്‍പ്പല്ല സിനിമയെന്നും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചുമതലപെട്ട സ്ഥാപനങ്ങളും ബന്ധപെട്ട നിയമങ്ങളുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. രാമായണം അടിസ്ഥാനമാക്കി എടുത്ത ഈ ചിത്രത്തില്‍ സൂപ്പര്‍താരം പ്രഭാസും കൃതി സനോണും പ്രധാന വേഷത്തില്‍ എത്തി. എന്നാല്‍ നിരവധി തലങ്ങളിൽ കടുത്ത വിമർശനമാണ് ചിത്രം നേടിയത്. മോശം വിഎഫ്‌എക്‌സ് മുതൽ കഥാപാത്രങ്ങളുടെ ചിത്രീകരണം മുതൽ സംഭാഷണങ്ങൾ വരെ, സിനിമയെ വിവാദത്തിലേക്ക് നയിച്ചു. 500 കോടി ബജറ്റില്‍ വന്ന ചിത്രം നിര്‍മ്മാതാക്കള്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കിയെന്നാണ് വിവരം. അതേ സമയം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് എടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും വിവരമുണ്ട്. അതിനിടയിലാണ് ചിത്രത്തിന്‍റെ എച്ച്ഡി പതിപ്പ് യൂട്യൂബിൽ ചോർന്നത്.
രണ്ട് ദശലക്ഷം വ്യൂസ് യൂട്യൂബില്‍ ചോര്‍ന്ന ഈ പതിപ്പ് നേടിയെന്നാണ് വിവരം. എന്നാല്‍ ഈ യൂട്യൂബ് ലിങ്ക് ഏതാനും മണിക്കൂറിന് ശേഷം നീക്കിയിട്ടുണ്ട്. പകർപ്പവകാശ ലംഘനം കാണിച്ച് നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയിലാണ് പടം നീക്കിയത് എന്നാണ് വിവരം. അതേ സമയം സംഭാഷണങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം ഇപ്പോഴും കേസിലാണ്. ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്തഷീര്‍ കഴിഞ്ഞ ശനിയാഴ്ച നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു. “ആദിപുരുഷൻ ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാൻ നിരുപാധികം ക്ഷമാപണം നടത്തുന്നു” എന്ന കുറിപ്പ് അദ്ദേഹം ട്വിറ്ററില്‍ പങ്കിട്ടു.