തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രങ്ങള്‍ക്കു വേണ്ടി എത്ര അധ്വാനിക്കാനും മടിയില്ലാത്ത സൂര്യയ്ക്ക് പക്ഷേ ഇടക്കാലത്ത് ഭാഗ്യത്തിന്‍റെ തുണ ഉണ്ടായിരുന്നില്ല. ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയം രുചിച്ച ഒരു സമയം. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് മുക്തനാണ് അദ്ദേഹം. കൊവിഡ് കാലത്തിനിപ്പുറം ഡയറക്റ്റ് ഒടിടി റിലീസുകളായെത്തിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വന്‍ ജനപ്രീതി നേടിയിരുന്നു. കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെ റോളക്സ് എന്ന അതിഥി വേഷത്തിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. അത്രയധികം കൈയടി നേടിയ വേഷമായിരുന്നു അത്. ഇപ്പോഴിതാ സൂര്യ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമായ കങ്കുവയുടെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ശിവ സംവിധാനം ചെയ്യുന്ന കങ്കുവ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അജിത്തിനെ നായകനാക്കി വീരവും വിശ്വീസവുമൊക്കെ ഒരുക്കിയിട്ടുള്ള ശിവ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രവുമായാണ് എത്തുന്നത്. നേരത്തെ പുറത്തെത്തിയ പോസ്റ്ററുകളൊക്കെ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിനെയൊക്കെ മറികടക്കുന്ന ദൃശ്യവിന്യാസത്തിലാണ് ആദ്യ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന ഭംഗിയിലാണ് വന്‍ കാന്‍വാസില്‍ ചിത്രം എത്തുകയെന്ന് ഫസ്റ്റ് ഗ്ലിംപ്സ് പറയുന്നു. സൂര്യയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
ദിഷ പഠാനി നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം മിലന്‍, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദന്‍ കാര്‍ക്കി, രചന ആദി നാരായണ, വരികള്‍ വിവേക, മദന്‍ കാര്‍ക്കി, ചീഫ് കോ-ഡയറക്ടര്‍ ആര്‍ രാജശേഖര്‍.