ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടനുണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ധോണിയുടെ സിനിമ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി.
എം എസ് ധോണിയുടെ നിര്‍മ്മാണക്കമ്പനിയായ ധോണി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലെത്തുന്ന ആദ്യസിനിമയായ എല്‍ ജി എമ്മിന്റെ (ലെറ്റ്‌സ് ഗെറ്റ് മാരീഡ്) പ്രൊമോഷന് വേണ്ടി ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സാക്ഷി. ധോണിയെ ഏതെങ്കിലും സിനിമയില്‍ നായകനായി കാണാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. ‘നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അത് തീര്‍ച്ചയായും നടക്കും. അദ്ദേഹം ക്യാമറ കണ്ടാല്‍ നാണിക്കുന്നവനല്ല. 2006 മുതല്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നയാള്‍ക്ക് ക്യാമറയെ അഭിമുഖീകരിക്കാന്‍ പേടിയുണ്ടാകില്ലല്ലോ’, സാക്ഷി വ്യക്തമാക്കി.
ധോണി ആക്ഷന്‍ ചിത്രങ്ങള്‍ക്കായിരിക്കും കൂടുതല്‍ അനുയോജ്യനായിരിക്കുകയെന്നും സാക്ഷി അഭിപ്രായപ്പെട്ടു. അവന്‍ എപ്പോഴും ആക്ഷന്‍ ചെയ്തുകൊണ്ടേയിരിക്കുന്നയാളാണ്. ധോണിയെ നായകനാക്കി സിനിമ ചെയ്യുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയിന്‍മെന്റ് ചിത്രമായിരിക്കും’, സാക്ഷി കൂട്ടിച്ചേര്‍ത്തു. ധോണിക്ക് വേണ്ടി നിങ്ങള്‍ ഏത് തരം സിനിമയായിരിക്കും തിരഞ്ഞെടുക്കുകയെന്നും സാക്ഷി ചോദിച്ചു. ‘ധോണി റിയല്‍ ലൈഫില്‍ ഒരു സൂപ്പര്‍ ഹീറോയാണ്. അതുകൊണ്ട് ഒരു സൂപ്പര്‍ ഹീറോ സിനിമയില്‍ അദ്ദേഹത്തെ കാണാനാണ് എനിക്കിഷ്ടം’, എല്‍ ജി എമ്മിന്റെ സംവിധായകന്‍ രമേശ് തമിഴ് മണി പറഞ്ഞു.
എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിര്‍മാണ ചിത്രമായ ‘എല്‍ ജി എമ്മി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹരീഷ് കല്യാണ്‍, ഇവാന (അലീന ഷാജി) എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമിഴ് മണിയാണ് സംവിധാനം ചെയ്യുന്നത്. യോഗി ബാബു, നദിയ മൊയ്തു, ആര്‍ ജെ വിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ലവ് ടുഡേ എന്ന ചിത്രത്തിനുശേഷം മലയാളിയായ ഇവാന നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍, സംഗീതം രമേഷ് തമിഴ് മണി.