മറ്റൊരു മലയാള ചിത്രം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക് എത്തി. ഗോളം പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവിനെ നായകനാക്കി സാജിദ് യഹ്യ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഖല്‍ബ് എന്ന ചിത്രം ഒടിടിയില്‍ പുതിയതായി പുറത്തിറങ്ങിയിരിക്കുന്നു. ഈ വര്‍ഷം ജനുവരി 12-ന് തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തിയ ചിത്രമാണിത്. മറ്റ് നിരവധി റിലീസുകളുടെ സാന്നിധ്യം കാരണം, തിയറ്ററുകളില്‍ ചിത്രത്തിന് ആവശ്യമായ സ്ക്രീന്‍ കൗണ്ട് ലഭിച്ചില്ല. അതിനാൽ, ചിത്രത്തിന് കാര്യമായ വിജയവും ഉണ്ടായില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോഴെന്ന ചോദ്യത്തിന്, അണിയറക്കാരോട് പ്രേക്ഷകരുടെ ഒരു വിഭാഗം നിരന്തരം ചോദിച്ചിരുന്നു. നീണ്ട 11 മാസത്തിന് ശേഷം, ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് പ്രൈം വീഡിയോയിൽ ചിത്രം പ്രദർശനം ആരംഭിച്ചു. നായികയായി നേഹ നസ്നീൻ അഭിനയിക്കുന്നു. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ സഹകരണത്തോടെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘ഖൽബി’യിൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരോടൊപ്പം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലിം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അമൽ മനോജാണ്.