മുംബൈ: പാന്‍ ഇന്ത്യന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പുഷ്പ 2വിന് വന്‍ തിരിച്ചടി. പുഷ്പ 2-വിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു. 6 മണിക്കൂർ മുൻപാണ് ‘ഗോട്ട്സ്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തീയറ്റർ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത്. 1000 കോടി എന്ന സംഖ്യയിലേക്ക് ചിത്രം കുതിക്കുമ്പോഴാണ് ഈ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്.
കോവിഡിന് ശേഷം ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടി മുന്നേറുകയാണ് പുഷ്പ 2. അതിനൊപ്പം തന്നെ ജവാന്‍ അടക്കം അടുത്തകാലത്ത് ഹിന്ദിയില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡുകളും പുഷ്പ 2 പഴങ്കഥയാക്കും എന്നാണ് കണക്കുകൂട്ടല്‍.
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.