അബുദാബി: യുഎഇയിൽ വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് ഇത് കുറയ്ക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിച്ചാൽ നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ മാസം 28ന് പ്രഖ്യാപിച്ച സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ വിജയിപ്പിക്കാനാണ് പുതിയ പ്രഖ്യാപനം. യുഎഇയിൽ വാഹനമോടിക്കുന്നവരുടെ പേടി സ്വപ്നമാണ് ലൈസൻസിലെ നെഗറ്റീവ് പോയിന്റുകൾ.
രേഖകളില്ലാതെയും നിയമം പാലിക്കാതെയുള്ള ഡ്രൈവിങ്, അപകടകരമായി, അശ്രദ്ധയോടെയുള്ള വണ്ടിയോടിക്കൽ എന്നിവയ്‍ക്കെല്ലാം പിഴയ്ക്ക് പുറമെ നെഗറ്റീവ് പോയിന്റുകൾ കൂടും. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന നെഗറ്റീവ് പോയിന്റുകൾ 24 വരെയായാൽ ലൈസൻസ് തന്നെ റദ്ദാകും.
ഇത്തരത്തിൽ നാല് നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കാനുള്ള അവസരമാണ് യുഎഇ ഒരുക്കുന്നത്.
സ്കൂളുകൾ തുറക്കുന്ന ആഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കണം. ഇതിനായി പ്രത്യേകം പ്രതിജ്ഞയെടുക്കണം. ഇതിനായുള്ള സൗകര്യം ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്ന ദിവസമായ ആഗസ്ത് 28 രാജ്യത്ത് സീറോ ആക്സിഡന്റ് ഡേ അഥവാ വാഹനാപകടങ്ങളില്ലാത്ത ദിനമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വിജയിപ്പിക്കാനാണ് പുതിയ ആകർഷണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുജനങ്ങളില്‍ റോഡ് സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ ജനറല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
ഇവിടെ ഗതാഗതം ഏറ്റവും സുഗമം; 10 കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടത് വെറും 12 മിനിറ്റ്, പട്ടികയില്‍ ദുബൈയും
ദുബൈ: ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബൈ. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബൈയുടെ നേട്ടം. ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ദുബൈയില്‍ 12 മിനിറ്റ് മതി. അതേസമയം 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പ്രധാന നഗരങ്ങളില്‍ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ് ദുബൈയുടെ ഈ നേട്ടം.
സെൻട്രൽ ബസിനസ് ഡിസ്ട്രിക്റ്റ് കാറ്റഗറിയിൽ ലോസാഞ്ചല്‍സ്, മോണ്‍ട്രിയോള്‍, സിഡ്‌നി, ബെര്‍ലിന്‍, റോം, മിലന്‍ എന്നീ നഗരങ്ങളെ ദുബൈ പിന്തള്ളി. ആദ്യ 50ൽ ദുബൈയും ഉൾപ്പെട്ടു. സുഗമമായ ഗതാഗതത്തില്‍ നെതര്‍ലന്‍ഡ്‌സിലെ അല്‍മേറെയാണ് മുമ്പില്‍. 10 കിലോമീറ്റര്‍ താണ്ടാന്‍ ഇവിടെ എട്ട് മിനിറ്റ് മതി. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ലണ്ടന്‍ നഗരമാണ്. ഇവിടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടത് 36 മിനിറ്റാണ്.