ജൊഹന്നാസ്ബെർഗ്: ബ്രിക്സ് കൂട്ടായ്മയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ തീരുമാനം. ജൊഹന്നാസ്ബെർഗില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. അർജൻ്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാൻ, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങൾ ബ്രിക്സിൽ 2024 ജനുവരി മുതൽ അംഗമാകും. തീരുമാനം അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും അഭിപ്രായപ്പെട്ടു. എന്നാൽ പാകിസ്ഥാനെ കൂടി ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്സ് ഉച്ചകോടി തള്ളി. ബ്രിക്സ് വികസിക്കേണ്ടതുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ മേഖലകളിലെ ബ്രിക്സ് രാജ്യങ്ങളുടെ സംഭാവനകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്ത സമ്മേള്ളനത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചു. ചന്ദ്രയാന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല ലോകത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ശാസ്ത്രലോകത്തിൻ്റെ വിജയം കൂടിയാണ് ചന്ദ്രയാന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിചേർത്തു.
പാകിസ്ഥാനുൾപ്പെടെ 23 രാജ്യങ്ങൾ ബ്രിക്സ് അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങൾ ഏകീകൃത കറൻസി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.