റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രം പുറത്ത് വിട്ട് നാസ. നാസയുടെ പേടകം പകർത്തിയ ചിത്രമാണ് പുറത്ത്‌വിട്ടത്. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ പത്ത് മീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടതായി നാസ പറയുന്നു. നാസയുടെ ചാന്ദ്ര പര്യവേക്ഷണ ഓർബിറ്ററായ ലൂണാർ റിക്കണസൻസ് ഓർബിറ്റർ രണ്ട് ഘട്ടങ്ങളിലായി എടുത്ത ചിത്രങ്ങളിൽ നിന്നാണ് ലൂണ 25 വീണ സ്ഥലം കണ്ടെത്തിയത്.
ദക്ഷിണധ്രുവത്തിൽ സോഫ്‌റ്റ് ലാൻഡിങ്ങിന് മുന്നോടിയായി പഥം താഴ്‌ത്തലിനിടെ ആഗസ്‌ത് 21 നാണ് ലൂണാ ലാൻഡറിന് നിയന്ത്രണം നഷ്ടമായത്. ലാൻഡർ ഇടിച്ചിറങ്ങിയതായി റഷ്യ പിന്നീട് സ്ഥിരീകരിച്ചു. സോഫ്‌റ്റ് ലാൻഡ് ചെയ്യാൻ നിശ്‌ചയിച്ചിരുന്ന സ്ഥലത്തിന് ഏറെ പിന്നിലായാണ് ലാൻഡർ ഇടിച്ചിറങ്ങിയത്.