റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സമാധാനത്തിനായി വാദിക്കുന്നതോടൊപ്പം പരമാധികാരത്തിനും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി രാജ്യം, ശരിയായ കാര്യമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ഏക മാര്‍ഗം സമാധാനപരമായ ചര്‍ച്ചയാണെന്ന് ഇന്ത്യ ആദ്യം മുതല്‍ ആവര്‍ത്തിച്ചിരുന്നു.
സെപ്തംബര്‍ 9 മുതല്‍ 10 വരെ നടക്കുന്ന ജി 20 ഉച്ചകോടിക്കായി ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശം പ്രസക്തമാകുന്നത്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം, പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഭരണഘടനാ മൂല്യങ്ങളും വളരുന്ന സമ്പദ്വ്യവസ്ഥയും ഉള്ള സമാധാനപരമായ ജനാധിപത്യം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
നയതന്ത്രവും വിദേശനയവും പാര്‍ട്ടിക്കും വ്യക്തിപരമായ രാഷ്ട്രീയത്തിനും ഉപയോഗിക്കുന്നതില്‍ സംയമനം പാലിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, അസമത്വം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാനുള്ള നയ ഏകോപനത്തിനുള്ള ഒരു വേദിയാണിതെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സുരക്ഷയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേദിയായി ഉച്ചകോടി ഉപയോഗിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രാദേശികവും പരമാധികാരപരവുമായ അഖണ്ഡത സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജിഡിപിയുടെ ഒരു വിഹിതമെന്ന നിലയില്‍ രാജ്യത്തിന്റെ വിദേശ വ്യാപാരം ഇരട്ടിയായെന്നും ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിച്ചുവെന്നും പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതല്‍ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിജയത്തില്‍ മന്‍മോഹന്‍ സിംഗ് ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു . അദ്ദേഹത്തിന്റെ ഭരണകാലത്ത്, 2008 ലായിരുന്നു ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്.