ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. അല്‍ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകളും മകനും കൊച്ചുമകനുമാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭാര്യയുടെയും മകളുടെയും മകന്റെയും മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന അല്‍ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍ ദഹ്ദൂഹിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു.
എന്നാല്‍ സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മധ്യ ഗാസ നുസീറത്തിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയായിരുന്നു വ്യോമാക്രമണം. യാര്‍മൗകിലും അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഗാസയില്‍ ബുധനാഴ്ച മാത്രം 344 കുട്ടികള്‍ ഉള്‍പ്പെടെ 756 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആകെ കൊല്ലപ്പെട്ടവര്‍ 6546 ആയി.
അതേസമയം ഇസ്രായേല്‍ വ്യോമാക്രമണം ശക്തമായി തുടരുമ്പോള്‍ കരുതല്‍ ഇന്ധനവും തീര്‍ന്ന് വൈദ്യുതിയില്ലാതെ ഗാസയിലെ ആശുപത്രികള്‍ പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അശ്‌റഫ് അല്‍ ഖുദ്‌റ അറിയിച്ചു. അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ഗാസ കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 15-ഉം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. എന്നാല്‍ ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്നാണ് യുഎന്നിന് ഇസ്രയേല്‍ സൈന്യം മറുപടിനല്‍കിയത്.
ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും. ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിലയ്ക്കുന്നത് ഗാസയെ വീണ്ടും ദുരന്തത്തിലെത്തിക്കുമെന്നാണ് സന്നദ്ധസംഘടനകളുടെ മുന്നറിയിപ്പ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.