ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഈ സംഭാഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഡൊണാൾഡ് ടസ്കുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രധാനമന്ത്രി മോദി ഇന്ന് ഇന്ത്യൻ സമൂഹത്തെ സ്വാഗതം ചെയ്യുന്ന ചടങ്ങിലും പങ്കെടുക്കും. പ്രധാനമന്ത്രി മോദി ഇന്ന് വൈകിട്ട് പോളണ്ടിൽ നിന്ന് ട്രെയിനിൽ ഉക്രെയ്നിലേക്ക് പോകും.
പോളണ്ടിലെഅതിർത്തി പട്ടണമായ ഷെംഷോയിൽ നിന്ന് ട്രെയിനിൽ 10 മണിക്കൂറിനുള്ളിൽ മോദി കീവിൽ എത്തുക. 30 വർഷത്തെ നയതന്ത്ര ബന്ധത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മോദിയുടെ ഉക്രെയ്ൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി കൈവരും. റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദേശം ഉക്രേനിയൻ പ്രസിഡൻ്റ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിൽ സമാധാനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ ബന്ധത്തിൻ്റെ സ്വാഭാവിക തുടർച്ചയായിരിക്കും ഈ സന്ദർശനമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും കൂടുതൽ ചലനാത്മകവുമായ ബന്ധത്തിന് അടിത്തറ പാകാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ഉക്രേനിയൻ തലസ്ഥാനമായ കീവിൽ ഏഴ് മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി മോദി ഇന്ത്യൻ വിദ്യാർത്ഥികളുമായും സംസാരിക്കും.