മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ വംശജനായ സ്കൂൾ വിദ്യാർഥി മോഷ്ടാക്കളുടെ കത്തിയാക്രമണത്തിന് ഇരയായി. റയൻ സിംഗ് എന്ന 16 വയസുകാരനും സുഹൃത്തുക്കളുമാണ് എട്ടംഗ അക്രമിസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. സിംഗിന്റെ കൈകളിലും വാരിയെല്ലിലും അക്രമിസംഘം കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
ടാർണെയ് നഗരത്തിൽ വച്ചാണ് സംഭവം നടന്നത്. സിംഗിന്റെ ജന്മദിനാഘോഷങ്ങൾക്കായി ഒത്തുകൂടിയ സുഹൃത്തുക്കൾ ബാസ്ക്കറ്റ്ബോൾ കളിക്കുന്നതിനിടെ, മോഷണസംഘം പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു.
ഇവരുടെ മൊബൈൽ ഫോണുകളും സിംഗിന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ സ്പോർട്സ് ഷൂസും നൽകണമെന്ന് ആവശ്യപ്പെട്ട് അക്രമികൾ മർദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സിംഗിനെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.