ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടത്തിൽ മുത്തമിട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടർച്ചയായ നാലാമത്തെ കിരീടമാണ്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. കെടിബിസി കുമരകമാണ് ചമ്പക്കുളം തുഴഞ്ഞത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും ഫിനിഷ് ചെയ്തു.
ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ, ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ, (കെപിബിസി കേരള) നാലാം ഹീറ്റ്സിൽ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരായിരുന്നു ഒന്നാമതെത്തിയത്.
ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് പുന്നമടക്കായലിൽ ജലരാജാവിനായുള്ള മത്സരം തുടങ്ങാനിരിക്കെ ശക്തമായ മഴ പിന്നീട് മാറിനിന്നതോടെ ജനം കൂടുതൽ ആവേശത്തിലായി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുത്തത്. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴഞ്ഞു. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തിയത്.