കോഴിക്കോട്: തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിക്കെതിരെ അതിജീവിതയുടെ മൊഴി പുറത്ത്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും പെൺകുട്ടി മൊഴിനൽകി. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
കോഴിക്കോട് തൊട്ടിൽപ്പാലത്ത് പത്തൊൻപതു വയസുകാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി.
പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‍പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇന്നലെ പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇന്നലെ രാവിലെയാണ് പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിൽ വെച്ച് വിവസ്ത്രയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.