കഴിഞ്ഞ ദിവസം അച്ഛൻകോവിലാറ്റിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ 7.30 ന് കണ്ടുകിട്ടി. അപകടം നടന്ന സ്ഥലത്തിന് താഴെ ആറിനടിയിൽ കല്ലിൽ കുരുങ്ങിക്കിടന്ന നിലയിലായിരുന്നു. ചെങ്ങന്നൂർ ആലപ്പുഴ നിലയങ്ങളിൽ നിന്നെത്തിയ സ്കൂബ ടീമാണ് കണ്ടെത്തിയത്.
മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു കുഞ്ഞിനെ കാണാതായത്. സംഭവത്തിൽ യുവതി മരിച്ചു. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. സംഭവ സമയത്ത് തന്നെ ആതിരയുടെ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിരുന്നു.
മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. സംഭവത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.