പുതുപ്പള്ളി പോളിങ്ങിന് ഒരുങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിജയ പ്രതീക്ഷകളുമായി മുന്നണികൾ. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ വോട്ടായി മാറുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. ഉമ്മൻചാണ്ടിയോടുള്ള കടപ്പാട് പുതുപ്പള്ളിക്കാർ വിനിയോഗിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ
നിശബ്ദ പ്രചരണവും പിന്നിട്ട് വോട്ടിങ്ങിനായി പുതുപ്പള്ളി ഒരുങ്ങുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടതുപക്ഷം.വികസന പിന്നോക്കാവസ്ഥ പ്രചാരണവേളയിൽ ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞതാണ് ഇടതുമുന്നണി നേട്ടമായി കരുതുന്നത്. വികസനം കൊതിക്കുന്ന പുതുപ്പള്ളിക്കാർ ജെയ്ക്കിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന് കണക്കുകൂട്ടൽ. എന്നാൽ ഉമ്മൻചാണ്ടിയിൽ ഊന്നിയായിരുന്നു UDF ൻ്റെ പ്രചരണം. ഉമ്മചാണ്ടിയോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ ശരിയായി വിനിയോഗിക്കുമെന്നാണ് UDF ൻ്റെ പ്രതീക്ഷ.
അതേസമയം, തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയസ് കോളേജിൽ നടന്നു. 182 പോളിങ് ബൂത്തുകളിലേക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയേസ് കോളേജിൽ വിവിപാറ്റ്, കണ്ട്രോൾ യൂണിറ്റ്, അടക്കമുള്ള പോളിങ് സാമഗ്രഹികളുടെ വിതരണം ആരംഭിച്ചത്. 1,76,417 വോട്ടർമാർക്കായി 182 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ നാല് ബൂത്തുകൾ പ്രശ്ന ബാധിത ബൂത്തുകളാണ്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിഗും സജീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 675 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. എഡിജിപി, ഡിഐജി, സോണൽ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും.വോട്ടെടുപ്പ് ദിവസമായ നാളെ പുതുപ്പള്ളി മണ്ഡലത്തിൽ പൊതു അവധിയാണ്.