തിരുവനന്തപുരം: ജനങ്ങൾക്ക് കെ.എസ്.ഇ.ബിയുടെ വക അടുത്ത ഷോക്ക് ഉടനെത്തും. കഴിഞ്ഞ 2മാസം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയെന്ന പേരിൽ യൂണിറ്റിന് 22പൈസ സെസ് ചുമത്താനാണ് നീക്കം. റഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയേ ഇത് നടപ്പാക്കാനാവൂ. നിലവിൽ യൂണിറ്റിന് 19പൈസ സെസ് ചുമത്തുണ്ട്. ഇതിന് പുറമെയാണ് 22പൈസയുടെ അധിക ഭാരം.
ദീർഘകാല്തേക്ക് കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാർ ചട്ടലംഘനങ്ങളുടെ പേരിൽ റദ്ദാക്കിയതോടെയാണ് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടായത്. 25 വർഷത്തേക്ക് വൈദ്യുതി നൽകാൻ രണ്ടു കമ്പനികളുമായി ഏഴു വർഷം മുമ്പുണ്ടാക്കിയ കരാറാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. ആര്യാടൻ മുഹമ്മദ് വൈദ്യുത മന്ത്രിയായിരുന്ന സമയത്താണ് യൂണിറ്റിന് 4.29 രൂപ പരമാവധി നൽകി 25 വർഷത്തേക്ക് 500 മെഗാവാട്ടിന്റെ കരാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത്. നടപ്പിലായി എഴ് വർഷം കഴിഞ്ഞപ്പോഴാണ് നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ ഇക്കഴിഞ്ഞ മേയിൽ അത് റദ്ദാക്കപ്പെട്ടത്. ഇനിയും 18 വർഷങ്ങൾ കൂടി ഇതേ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന സ്ഥാനത്താണ് വൈദ്യുതി ക്ഷാമത്താൽ കേരളം വലയുന്നത്.
ദീർഘകാല കരാർ മൂന്ന് കമ്പനികളുമായിട്ടായിരുന്നു. 115 മെഗാവാട്ട് 4.11 രൂപയ്ക്കും 350 മെഗാവാട്ട് വൈദ്യുതി 4.29 രൂപയ്ക്കുമാണ് നൽകാമെന്ന് കരാറുണ്ടായിരുന്നത്. ഈ കരാർ റദ്ദായതിലൂടെ 465 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തിനുണ്ടായി. എന്നാൽ പ്രതിസന്ധി രൂക്ഷമാക്കിയത് മഴ കൂടുതൽ പെയ്യേണ്ട ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള സമയങ്ങളിൽ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മഴ മാത്രമാണ് കേരളത്തിലുണ്ടായത്. ഇതോടെ ഡാമുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. മഴ കുറഞ്ഞതോടെ വൈദ്യുതോപഭോഗത്തിൽ വർധനവ് ഉണ്ടായി.
പ്രതിദിനം 10 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതിഉപഭോഗം അധികമായി ഉണ്ടായി. മഴക്കുറവ് കാരണം 1920 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് വൈദ്യുതോത്പാദനത്തിലുണ്ടായത്. ഈ സാഹചര്യത്തിലാണ് പഴയ ടെൻഡർ ചർച്ചയിൽ വരുന്നത്. വൈദ്യുത ക്ഷാമം കണ്ട് പുതിയ ടെൻഡർ തുറന്നപ്പോൾ തന്നെ വലിയ തുകയാണ് കമ്പനികൾ ക്വോട്ട് ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് 500 മെഗാവാട്ട് ആവശ്യപ്പെട്ടാണ് ടെൻഡർ കഴിഞ്ഞ ദിവസം ക്ഷണിച്ചത്. 500 മെഗാവാട്ടാണ് ആവശ്യമെങ്കിലും 403 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് മാത്രമാണ് രണ്ട് കമ്പനികൾ അറിയിച്ചത്. അതിൽ അദാനി പവർ 303 മെഗാവാട്ട് 6.90 രൂപയ്ക്കും ഡിബി പവർ 100 മെഗാവാട്ട് 6.97 രൂപയ്ക്കും നൽകാമെന്നാണ് അറിയിച്ചത്. പിന്നീട് റിവേഴ്‌സ് ബിഡിങ്ങിൽ അത് 6.88 രൂപയായി കുറച്ചു.
ഇതിനിടയിലാണ് കഴിഞ്ഞ രണ്ടു മാസം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതു കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി നീക്കം തുടങ്ങിയത്. നിലവിൽ ബോർഡ് തീരുമാനിച്ച പത്തു പൈസയും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയും സെസായി ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സെസ്.
സാധാരണക്കാരുടെ വീടുകളിൽ ഒരു മാസം ശരാശരി 150 മുതൽ 200 യൂണിറ്റുവരെയാണ് ഉപയോഗിക്കുന്നത്. വൈദ്യുതി വാങ്ങാൻ ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ 341.31കോടിരൂപയാണ് അധികം ചെലവഴിച്ചത്. വൈദ്യുതിനിയമത്തിലെ പുതിയ ചട്ടപ്രകാരം അധികച്ചെലവ് അതത് മാസം നികത്തണം. കെ.എസ്.ഇ.ബിക്ക് സ്വയം ചുമത്താവുന്ന സെസ് യൂണിറ്റിന് 10 പൈസവരെയാണ്. അതിൽ കൂടിയാൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതിവേണം. പുതിയ സെസ് മാസങ്ങളോളം നീണ്ടുപോകാൻ സാദ്ധ്യതയുണ്ട്. താരിഫ് വർദ്ധനയും വരാനിടയുണ്ട്. ഈ വർഷം ജൂണിൽ നടപ്പാക്കേണ്ട താരിഫ് വർദ്ധന സെപ്തംബർ 11 വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ കെ.എസ്.ഇ.ബി വിളിച്ച ദീർഘകാല കരാർ ടെൻഡറുകളിൽ 6.88 രൂപ മുതൽ 10.20 രൂപവരെയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാൽ അടുത്ത മേയ് വരെ ചുരുങ്ങിയത് 3240 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയാണ് കരാറുകൾ ഉറപ്പിക്കുക. ഇതിന്റെ പേരിൽ അടുത്ത വർഷം വൻനിരക്ക് വർദ്ധനയും വന്നേക്കും.
വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കെ.എസ്.ഇ.ബി ഇപ്പോൾ ദിവസേന 20 കോടിരൂപവരെ അധികം ചെലവിടുന്നുണ്ട്. 20ദശലക്ഷം യൂണിറ്റുവരെയാണ് ദിവസവും വാങ്ങുന്നത്. പവർ എക്സ്‌ചേഞ്ചിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് പലപ്പോഴും യൂണിറ്റിന് പരമാവധി വിലയായ 10 രൂപ നൽകേണ്ടിവരുന്നു. മഴക്കുറവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കിയതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 31 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഇതുപയോഗിച്ച് 669.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. നിലവിൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ ശരാശരി 4.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിന വൈദ്യുതി ഉൽപാദനം. ഈ രീതിയിൽ 150 ദിവസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഉണ്ടാകുക. കനത്ത മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമാകും.