ആറന്മുള: ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന അഷ്ടമി രോഹിണി വള്ളസദ്യക്കും ദര്‍ശനത്തിനുമെത്തിയ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് കവര്‍ന്ന രണ്ട് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍.
ആന്ധ്രാപ്രദേശ് സ്വദേശിനികളായ മഞ്ജു (58), ഹേമ (38) എന്നിവരാണ് പിടിയിലായത്. പേഴ്‌സും ഇവരില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍, പണം കണ്ടെത്താനായില്ല. സംശയം തോന്നി ആളുകള്‍ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.
അയിരൂര്‍ കൈതക്കോടി മുക്കന്നൂര്‍ കുടത്തിനാല്‍ രാജന്‍ നായരുടെ ഭാര്യ അംബികയുടെ പേഴ്‌സാണ് കവര്‍ന്നത്. ഇവരുടെ തോളിലിട്ടിരുന്ന ബാഗിന്റെ സിബ് തുറന്ന് 92,000 രൂപയും പേഴ്‌സും മോഷ്ടിക്കുകയായിരുന്നു.
ഒരാള്‍ ബാഗ് തുറന്നപ്പോള്‍ മറ്റേയാള്‍ പേഴ്‌സ് കൈക്കലാക്കുകയായിരുന്നു. പ്രതികളുടെ യഥാര്‍ത്ഥ പേരും വിലാസവും തിരിച്ചറിഞ്ഞിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ബോദ്യം ചെയ്ത് അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.