എം സി റോഡില്‍ കുരമ്പാല ശങ്കരത്തില്‍പ്പടിയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റു. പിക്കപ്പില്‍ യാത്ര ചെയ്തിരുന്ന കുരമ്പാല വാഴവിളയില്‍ സുരേഷ് (48), ഭാര്യ വത്സല സുരേഷ്, കുരമ്പാല കുറ്റിപാലവിളയില്‍ ചന്ദ്രന്‍ (35 ), കോന്നി മങ്ങാരം തെക്കേമുറിയില്‍ അനില്‍ (38) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
പന്തളത്ത് നിന്നും വീടുപണിക്കുള്ള സാധനങ്ങള്‍ എടുത്ത് പിക്കപ്പില്‍ വരുമ്പോഴാണ് അപകടം. അടൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിച്ചതിനു ശേഷം നിയന്ത്രണം തെറ്റി പന്തളം ഭാഗത്ത് നിന്നും വന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.
അടൂരില്‍ നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ നിന്ന് വാഹനങ്ങള്‍ മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം എം സി റോഡില്‍ ഗതാഗത തടസ്സപ്പെട്ടു.