സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വര്‍ധന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 300 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. ഇതേകുതിപ്പ് ഇനിയും തുടർന്നാല്‍ പവന്‍റെ വില വൈകാതെ 60,000 രൂപയ്ക്ക് മുകളിലെത്തും.
ഈ മാസം സ്വർണവിലയിൽ വലിയ വർദ്ധനവാണ് കാണാനായത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. സാധാരണക്കാരന് ഒരുതരി സ്വർണം ഇനിയെന്ന് വാങ്ങാൻ സാധിക്കും എന്ന ചോദ്യം ഉയരുകയാണ്. പവന് അരലക്ഷം എന്ന നിലയിലേക്ക് മാർച്ച് മാസം തന്നെ സ്വർണവിപണി സഞ്ചാരം ആരംഭിച്ചിരുന്നു. അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് തൊട്ടു പിന്നാലെ എത്തിയ ഏപ്രിൽ മാസം ആരംഭിച്ചത് തന്നെ. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില പിന്നെ കുതിച്ചുയരുകയാണ്. ഏപ്രിൽ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50,680 രൂപ (ഏപ്രിൽ 2) ആണ്. ഏപ്രിൽ മാസം ഇതുവരെ 3720 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്.