ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു കോടിയിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’ വീട്ടിൽ നിന്ന് കവർച്ച ചെയ്തത്. വീടിന്റെ പിൻഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനൽ തള്ളിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു.
വീടിന്റെ മുകൾനിലയിലെ രണ്ട് മുറികളിലാണ് മോഷണം നടന്നത്. സേഫ് ലോക്കർ കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ, ഇവരുടെ കുട്ടികൾ എന്നിവരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനും സംവിധായകനുമായ അഭിലാഷ് ജോഷി സ്ഥലത്തില്ലായിരുന്നു. പുലർച്ചെ 5.30ഓടെ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.