മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64) ആണ് മരിച്ചത്. അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം. ആറംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. നജീബ്, അൻസിൽ, സിദ്ധീഖ്, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ അൻസാരി, സജീബ് എന്നിവരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മത്സ്യതൊഴിലാളികളുടെ വള്ളത്തിൽ പെരുമാതുറ ലേലപ്പുരയിലെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം ഹാർബറിൽ മണ്ണും കല്ലും അടിഞ്ഞുകൂടിയതാണെന്ന് പോയവർഷം ജനകീയ പഠനസമിതി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹാർബറിൻ്റെ ആഴം വർധിപ്പിക്കാൻ അടിയന്തരമായി ഡ്രഡ്ജിങ് ജോലികൾ നടത്തണമെന്നും പഠന റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. ഹാർബർ എൻജിനീയറിങ് വിഭാഗവുമായി അദാനി ഗ്രൂപ്പ് ഒപ്പുവച്ച കരാർ പ്രകാരം ഹാർബറിൽ അടിഞ്ഞുകിടക്കുന്ന മണലും കല്ലും നീക്കം ചെയ്യേണ്ടത് ഈ സംഘമാണ്.
സാൻഡ് ബൈപാസിങ് സാങ്കേതിക വിദ്യയിലൂടെ തുറമുഖത്ത് അടിഞ്ഞുകിടക്കുന്ന കല്ലും മണലും 11 കോടി രൂപ ചെലവിൽ ഹാർബറിൽനിന്ന് സ്ഥിരമായി നീക്കം ചെയ്യുമെന്നും സംസ്ഥാന സർക്കാർ ഉറപ്പുനൽകി.