കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവർക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി. അതിനിടെ മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിൽ ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി . മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.
പൊലീസ് യദുവിൻറെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തിയത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല