കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.
കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.
കേസിൽ പ്രതിയുടെ അമ്മ പറയുന്നത്
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതിയെ പ്രതിയായ തന്റെ മകൻ രാഹുൽ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ സമ്മതിച്ചു. എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയതെന്നും ഉഷ പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാൽ താൻ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ല. മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് 3 വരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നെന്നും അമ്മ ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പന്തീരാങ്കാവ് പൊലീസിൽ വിശ്വാസമില്ലെന്ന് ഹരിദാസൻ
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ ആവശ്യപ്പെട്ടു. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു. രാഹുൽ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിൻവാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ കൂടി പൊലീസ് പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞു. മോശം അനുഭവമാണ് പോലീസിൽ നിന്ന് തനിക്കും മകൾക്കും ഉണ്ടായതെന്നും അദ്ദേഹം കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.