മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നേരത്തെ 12 ഓളം പേര്‍ മലയോരത്ത് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി ചികിത്സ തേടിയിരുന്നു.
മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മേഖലയിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നാല് പേരടങ്ങുന്ന പത്ത് സംഘങ്ങൾ വീടുകൾ സന്ദർശിച്ചു.
വാർഡിലെ 4, 5, 6, 7 വാർഡുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിട നശീകരണം, കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. രാത്രിയിൽ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹ സന്ദർശന രക്ത പരിശോധനയിൽ പങ്കാളിയാവണമെന്നും ഡിഎംഒ അറിയിച്ചു. ഉറവിട നശീകരണം, ഫോഗിങ്, സ്‌പ്രേയിങ് എന്നിവ തുടരും. 100 ആരോഗ്യ പ്രവർത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി രൂപരേഖ തയാറാക്കിയിട്ടുണ്ട്.