കല്പറ്റ: ഉരുള്‍പൊട്ടല്‍ നടന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമലയിൽ ആരെയും ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് സൈന്യം അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ 500 സൈനികരാണ് തിരച്ചിൽ നടത്തുന്നത്. മൂന്നു സ്‌നിഫര്‍ നായകളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേരള-കർണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) മേജര്‍ ജനറല്‍ വിനോദ് മാത്യുവാണ് ഇക്കാര്യമറിയിച്ചത്. ജീവനോടെയുള്ള കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷിക്കാനായതായി യോഗം വിലയിരുത്തി.
ഉരുൾപൊട്ടൽ പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. പ്രദേശത്ത് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ടെന്നും മലപ്പുറത്ത് 1000 പേരെ വിന്യസിച്ചിട്ടുണ്ടെന്നും എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. ശരീരഭാഗങ്ങൾ തിരിച്ചറിയലും സംസ്‌കാരവുമാണ് ഇപ്പോഴത്തെ പ്രശ്നം. മൃതദേഹം കണ്ടെത്തിയാൽ മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റ്‌മോർട്ടം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വയനാട്, ചാലിയാർ ദുരന്ത സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങൾ വീട്ടുകാർക്ക് കൈമാറും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരും രാസ പരിശോധനാ വിദഗ്ധരും അടങ്ങുന്നതാണ് സംഘം. അതേ സമയം രക്ഷാപ്രവർത്തനവും ഊർജിതമായി നടക്കുന്നുണ്ട്.