തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ മുന്നറിയിപ്പ് തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ മിതമായ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.
മറ്റു ജില്ലകളില്‍ നേരിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രതാ നിർദ്ദേശമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണം. നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
കള്ളകടല്‍ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരളത്തിൻ്റെ തീരദേശം മുതൽ തെക്കൻ ഗുജറാത്ത് വരെ ഒരു ന്യൂനമർദ്ദം വ്യാപിക്കുന്നു. ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.