തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയ്ക്ക് പുറമെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയാണ്.
മലയോര തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദമാണ്. മൺസൂൺ പാത്തിയും സജീവമാണ്.