കൽപറ്റ: വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ വൻ ആക്ഷൻ പ്ലാൻ നടപ്പാക്കാൻ റവന്യൂമന്ത്രി കെ.രാജൻ തീരുമാനിച്ചു. സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് ഇന്ന് തിരച്ചിൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ പരിശോധന നടത്തിയിട്ടില്ലാത്ത സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. സൺറൈസ് വാലിയോട് ചേർന്നുള്ള രണ്ട് കരകളിലും തിരച്ചിൽ നടക്കുന്നുണ്ട്. മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് മാറ്റേണ്ടി വന്നാൽ പ്രത്യേക ഹെലികോപ്റ്ററുകൾ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.
ചാലിയാർ നദിയുടെ ഇരു കരകളിലും തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവിടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചു. പരിശീലനം ലഭിച്ച രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിമാർ, ആറ് ആർമി സൈനികർ എന്നിവരുൾപ്പെടെ 12 പേർ ഇന്ന് എസ്‌കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നത്. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾക്ക് സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കെടുക്കും.
ഇതുവരെ പരിശോധന നടത്തിയിട്ടില്ലാത്ത സ്ഥലങ്ങളിലാണ് ഇന്നത്തെ പരിശോധന. തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. സൈന്യം തീരുമാനമെടുക്കുന്നതുവരെ തിരച്ചിൽ തുടരാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്ന് എട്ടാം ദിവസമായ ഇന്നും വ്യാപക തിരച്ചിൽ തുടരുകയാണ്.