കൽപ്പറ്റ: മുണ്ടക്കൈയിലും ചൂരൽമാലിലുമുണ്ടായ ഉരുൾപൊട്ടലിൽ 152 പേരെ കാണാതായതായി റവന്യു മന്ത്രി കെ രാജൻ. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പെടുത്തി കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയാറാകണമെന്ന് കാണാതായവരുടെ ബന്ധുക്കളോട് മന്ത്രി ആവശ്യപ്പെട്ടു. 44 അജ്ഞാത മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്‌കരിച്ചതായി മന്ത്രി പറഞ്ഞു.
ഈ ദുരന്തത്തിൽ ഇതുവരെ 224 മരണങ്ങൾ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 178 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച സൺറൈസ് വാലിയിൽ പരിശോധന നടത്തിയതായും നിലമ്പൂരിൽ രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയതായും മന്ത്രി കെ.രാജൻ അറിയിച്ചു. ഇന്നും തിരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പിലെ താമസക്കാരെ ഒഴിപ്പിച്ചാൽ ജിവിഎച്ച്എസ് വെള്ളാർമലയിലെ വിദ്യാർഥികൾക്ക് ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ ജിഎൽപി സ്കൂൾ വിദ്യാർഥികൾക്ക് മേപ്പാടി ജിഎൽപിഎസിലും വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തും. ഹാരിസൺ മലയാളം പ്ലാൻ്റേഷൻസ് ഏറ്റെടുത്ത 64 സെൻ്റ് കൂടാതെ 25 സെൻ്റ് സ്ഥലവും ഏറ്റെടുത്തു. മൃതദേഹങ്ങൾ പ്രദേശത്ത് സംസ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2,225 പേരാണ് കഴിയുന്നത്. 847 പുരുഷന്മാരും 845 സ്ത്രീകളും 533 കുട്ടികളും 4 ഗർഭിണികളും ക്യാമ്പിലുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള ശ്രമം ജില്ലാ കളക്ടറുടെ നേതൃത്വത്തില് നടന്നുവരികയാണ്. ആളുകളെ മാത്രമല്ല വളർത്തുമൃഗങ്ങളെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെ രാജൻ പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും ഒ.ആർ. കേളുവും ക്യാമ്പുകളിലെ ദുരന്തബാധിതർക്ക് ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് പറഞ്ഞു.