കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.05ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും.
മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട് സന്ദർശിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഇവർ ഒരുമിച്ച് ദുരന്തമേഖലയിലേക്ക് പറക്കും.
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന പ്രധാനമന്ത്രിയോട് വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രി തന്നെ എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നതോടെ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാകുമെന്നും പുനരധിവാസ നടപടികൾ ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.