ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ രണ്ടു ദിവസത്തിനകം പുനരാരംഭിക്കും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു. നേവിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
നിലവിൽ 4 നോട്ട് വേഗത്തിലാണ് ഗംഗാവലി നദി ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാനാകുമെന്ന് എംഎൽഎ എ.കെ.എം.അഷ്റഫ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ തിരച്ചിൽ നടത്താനാകും. നാവിക ആസ്ഥാനമായ കൊച്ചിയിലെ ഉദ്യോഗസ്ഥരും നാവിക ആസ്ഥാനമായ കാർവാറിലെ ഉദ്യോഗസ്ഥരും തമ്മിൽ തിരച്ചിൽ രീതി ചർച്ച ചെയ്യാം. പുഴയിലെ നീരൊഴുക്ക് കുറയുന്നത് അനുസരിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി എകെഎം അഷ്റഫ് എംഎൽഎ കൂട്ടിച്ചേർത്തു. എംഎൽഎ അഷ്‌റഫ് മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറെ ബെംഗളൂരു വിധാന സൗധയിലെത്തി കണ്ടു.