കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂരിൽ വിമാനമിറങ്ങി വ്യോമനിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവയുടെ നിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി ചൂരൽമല ദുരന്തഭൂമി സന്ദർശിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിയെ ഹെലികോപ്റ്ററിൽ ഒണ്ട്. വ്യോമ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 12.15ഓടെ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മുറ്റത്ത് ഹെലികോപ്റ്റർ ഇറക്കി. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. ഇവിടെ നിന്ന് റോഡ് ചൂരൽമലയിലേ ദുരിതബാധിത പ്രദേശത്തെത്തും. ക്യാമ്പിലുള്ളവരെ നേരിട്ട് കണ്ട് സംസാരിക്കാനാണ് പ്രധാനമന്ത്രി മോദിയുടെ പദ്ധതി. പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.