കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ 119 പേരെ കണ്ടെത്താനുള്ളത്. തിരച്ചിൽ സംഘത്തെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രതയിലാണ്. 97 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നുണ്ട്. ഇതുവരെ 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.
തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിൻ്റെ ചുമതലയുള്ള നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. നേരത്തെ സന്നദ്ധപ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചണും അടച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ദുരന്തമേഖലയിലെ ശേഷിക്കുന്ന എമർജൻസി സർവീസുകളിലേക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. രണ്ടു ദിവസം കൂടി ഭക്ഷണം വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, എൻ.ഡി.ആർ.എഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ല. ഡിഎൻഎ പരിശോധന ആരംഭിച്ചതായി മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പലതവണ പറഞ്ഞെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി താരതമ്യപ്പെടുത്തുന്നതിൻ്റെ ഫലം വൈകും. കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്തിയ ചാലിയാർ തീരത്തും സൂചിപ്പാറ വനമേഖലയിലും തിരച്ചിൽ നിർത്തിവച്ചു.
എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചൂരൽ മലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. വ്യാപാരികൾ അവർക്കായി ഭക്ഷണം തയ്യാറാക്കുന്നു. ആദ്യ രണ്ടാഴ്ചയിൽ വിന്യസിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ ഓഗസ്റ്റ് 15 മുതൽ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയിട്ടില്ല. താത്കാലിക നവീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. സ്‌കൂളുകൾ തുറക്കാനും വൈകുന്നു. തീർപ്പും വേണ്ട ഒരുപാട് വിഷയങ്ങൾ അനന്തമായി നീളുകയാണ്.