കാസർകോട്: കാസർകോട് പൂച്ചക്കാട്ടിലെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതിയെ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, അവളുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് പ്രതികൾ മന്ത്രവാദം നടത്തിയതായി പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം നടത്തിയത്. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയതുകൊണ്ടാണ് കൊലപാതകം നടന്നത്. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
2023 ഏപ്രിൽ 14-ന് പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപമുള്ള ബൈത്തുൽ റഹ്‍മയിൽ എം സി അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമായാണ് ഭാര്യ, മക്കൾ, ബന്ധുക്കൾ കരുതിയത്. പിന്നീട് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായ വിവരം ബന്ധുക്കൾ അറിഞ്ഞതോടെ, മരണത്തിൽ സംശയങ്ങൾ ഉയർന്നു. അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അബ്ദുൽ ഗഫൂർ ഷാർജയിലെ ഒരു സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു.