ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതരമായ അംഗവൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ കുടുംബം സർക്കാർ എതിരെ രംഗത്തെത്തി. തുടർ ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് സമരത്തിലേക്ക് നീങ്ങുമെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്നു ഇതുവരെ യാതൊരു തീരുമാനവും ലഭിച്ചിട്ടില്ല.
കുഞ്ഞിന്റെ തുടർ ചികിത്സയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ദ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ തീരുമാനം വൈകിയാൽ സമരത്തിലേക്ക് കടക്കേണ്ടിവരും. ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഡോക്ടർമാരുടെ പേരിൽ നടപടികൾ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കണം.
ആരോഗ്യ മന്ത്രി ആലപ്പുഴയിൽ എത്തിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല. ഡോക്ടർമാരുടെ സംഘടന വളരെ ശക്തമാണ്. അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംരക്ഷണം നൽകാമെന്ന് പറഞ്ഞാൽ അത് നടപ്പിലാക്കണം. സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ വീഴ്ചയാണ് ഇത്. എന്നിരുന്നാലും, ഇതുവരെ ഈ വിഷയത്തിൽ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.