തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർത്തൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ – കൊന്നമൂട് സ്വദേശിയായ ഇന്ദുജ (25) ഇന്ന് ഉച്ചയ്ക്ക് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ഭർത്തൃ വീട്ടിൽ സ്ഥിരമായി മാനസിക പീഡനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നതായി മകൾ തങ്ങളെ അറിയിച്ചതായും, എന്നാൽ അവിടെ പോകാൻ അനുവദിക്കപ്പെടാത്തതായും ഇന്ദുജയുടെ കുടുംബം പറയുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30-ന് ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബാത്ത്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോൾ ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടു. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് അഭിജിത്ത് പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി, അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിച്ചിരുന്നു. പെൺകുട്ടി ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്, അഭിജിത്ത് ഒരു സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ അഭിജിത്തിന്റെ അമ്മ ഉണ്ടായിരുന്നു.