കൊച്ചി: മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. വഖഫ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന നടപടികളിൽ നിന്ന് മുനമ്പത്തുകാർക്ക് ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു.
മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് അവരുടെ പൂർവികർ വാങ്ങിയതാണെന്നും വഖഫ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രദേശവാസികളുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.
വഖഫ് ബോർഡും ഭൂ ഉടമകളുമിടയിൽ നിലനിൽക്കുന്ന തർക്കത്തിന് പരിഹാരം കണ്ടെത്താൻ സിവിൽ കോടതിയിലാണ് പോകേണ്ടതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വഖഫ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞു. ഹർജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.