തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് പുതിയൊരു തുടക്കം നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് മനോഹരമായ ദൃശ്യങ്ങൾ കാണാൻ അവസരം നൽകുന്ന റോയൽ വ്യൂ ബസ്, വിദേശ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന രീതിയിലുള്ളതാണ്. മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായി ഇത് അവതരിപ്പിക്കപ്പെടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മുന്നാറിൽ സേവനം ആരംഭിക്കുന്നതിന് കെഎസ്ആർടിസി രൂപകൽപ്പന ചെയ്ത റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനം, ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫും തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് മന്ത്രി നിർവഹിച്ചു. കെഎസ്ആർടിസിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഈ ബസ്, ഇന്ത്യയിൽ ആദ്യമായാണ് റെട്രോഫിറ്റ്‌മെന്റ് ഡബിൾ ഡക്കർ ബസായി അവതരിപ്പിക്കുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ, വൈകുന്നേരം 6 മണിക്ക് ബസ്സിന്റെ പൂർണ്ണമായ ലൈറ്റിങ്ങോടുകൂടി മൂന്നാർ ടൗണിലെത്തും. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സുതാര്യമായ ഗ്ലാസ് ബോഡി ബസുകൾ ഉപകാരപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയും മറ്റ് പ്രമുഖ വ്യക്തികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഡബിൾ ഡക്കർ ബസിൽ ട്രയൽ റൺ നടത്തി.
കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി, തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവ്വീസുകളുടെ തുടർച്ചയായി, വിനോദസഞ്ചാര മേഖലകളിലേക്ക് റോയൽ വ്യൂ ബസ് സർവീസ് നടപ്പിലാക്കുന്നു. മുന്നാറിലെ മനോഹരമായ പ്രകൃതിയും, മൂടൽമഞ്ഞും മഴയും ആസ്വദിച്ച്, റോയൽ വ്യൂ ബസിൽ 25 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും.