തിരുവനന്തപുരം: സംസ്ഥാന കായികമേളയിൽ നിന്ന് രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. മാർ ബേസിലിന്‍റെയും നാവാമുകുന്ദ സ്കൂളിന്‍റെയും അപേക്ഷകൾ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളുടെ അവസരം നിഷേധിക്കുന്ന നടപടികൾ ഉണ്ടാകില്ല. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ സ്കൂളുകളുടെ വിലക്ക് നീക്കാൻ തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം നേടിയ തിരുനാവായ നാവമുകുന്ദ സ്കൂളിലെ ആദിത്യ അജിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി അറിയിച്ചു.
കായികമേളയിൽ നിന്ന് സ്കൂളിനെ വിലക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്, കേരളത്തിനായി കഠിനാധ്വാനം ചെയ്യുന്ന മറ്റ് കുട്ടികളെയും പരിഗണിക്കണമെന്ന് ആദിത്യ ഏഷ്യാനെറ്റ് ന്യൂസിലൂടെ അഭ്യർത്ഥിച്ചു. അടുത്ത വർഷം പ്ലസ് ടു ആയതിനാൽ, ഇത് അവരുടെ അവസാന സ്കൂൾ മീറ്റായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് മെഡൽ സമ്മാനിച്ച് സ്കൂൾ വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം, അതിനാൽ സ്കൂളിന്റെ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ററി സ്കൂളും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ററി സ്കൂളും അടുത്ത കായിക മേളയില്‍ പങ്കെടുക്കാന്‍ വിലക്കപ്പെട്ടു. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ എറണാകുളത്ത് നടന്ന കായിക മേളയില്‍ ഈ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചിരുന്നു. സംഭവത്തിന് ശേഷം, വിദ്യാഭ്യാസ വകുപ്പ് ഒരു മൂന്നംഗ സമിതിയെ അന്വേഷണം നടത്താന്‍ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. സ്കൂള്‍ കായികമേളയിലെ സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും സമിതിയുടെ ശുപാര്‍ശ ഉണ്ടായിരുന്നു.