കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിലെ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിങ്കളാഴ്ച ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. പ്രതി ഡോക്ടറെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതായും കോടതി പറഞ്ഞു. 25 വർഷത്തിലധികം തടവോ ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രതി ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. താന്‍ രുദ്രാക്ഷം ധരിക്കുന്നയാളാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും ആയിരുന്നു പ്രതിയുടെ വാക്കുകള്‍. ഒരു ഐപിഎസ് ഉദ്യോഗസ്ഥനും കുറ്റകൃത്യത്തില്‍ പങ്കുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു.
കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനീ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
സഞ്ജയ് റോയി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഈ കേസിന്റെ അന്വേഷണം സിബിഐ നടത്തുകയാണ്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം സംസ്ഥാനത്ത് മാസങ്ങളോളം നീണ്ട പ്രതിഷേധം, മമത ബാനർജി സർക്കാറിന് വലിയ വെല്ലുവിളിയായി. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടലുകൾ നടത്തിയ സാഹചര്യത്തിൽ, കൊലപാതകം നടന്ന 5 മാസത്തിന് ശേഷം വിധി പുറപ്പെടുവിക്കപ്പെട്ടു.