തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാലു ആനകളോടൊപ്പം ചാലക്കുടിപ്പുഴയുടെ കരയിൽ മുളങ്കാട്ടിൽ ആനയെ ആദ്യം കണ്ടെടുത്തു. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൂട്ടം മാറിയ സമയത്താണ് ആനയെ മയക്കുവെടിച്ചത്. ഒരു ഘട്ടത്തിൽ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാൻ സാധിച്ചത്. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം രാവിലെ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ, ദൗത്യ സംഘത്തിന്റെ പരിധിയിൽ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ആറു സംഘങ്ങളായി തിരിഞ്ഞ് പ്ലാൻറ്റേഷൻ കോർപ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉൾവനത്തിലും നടത്തിയ പരിശോധനകൾ നിരാശാജനകമായിരുന്നു.