കൽപ്പറ്റ: ഏഷ്യാനെറ്റ് ന്യൂസ്, എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടിഎൻ ഗോപകുമാറിന്‍റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരം സമ്മാനിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട ജനതയ്ക്കുമായിരുന്നു ഈ വർഷത്തെ ടിഎൻജി പുരസ്കാരങ്ങൾ. വയനാട് മേപ്പാടിയിൽ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും അവസാനത്തെയാളെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
മഹാദുരന്തത്തിൽ കുടുങ്ങിയവരുടെ ഓർമ്മകളും, അചഞ്ചലമായ സഹജീവി സ്നേഹത്തിന്റെ ഉജ്വല മാതൃകകളും, അതിജീവനത്തിന്റെ തോൽക്കാത്ത പോരാട്ടം നയിക്കുന്നവരെയും സാക്ഷിയാക്കിയാണ് ടിഎൻജി പുരസ്‌കാരം സമർപ്പിച്ചത്. മാധ്യമങ്ങൾ പറയാൻ ഭയപ്പെട്ട കാര്യങ്ങളെ ധൈര്യത്തോടെ, നിർഭയമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു ടിഎൻ ഗോപകുമാർ, എന്ന് മന്ത്രി കെ രാജൻ അനുസ്മരിച്ചു. വയനാട്ടിലെ അവസാന ദുരിതബാധിതനെയും പുനരധിവസിപ്പിക്കുമെന്നു മന്ത്രി ഉറപ്പിച്ചു. പുനരധിവാസത്തിന് പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നു ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.
അതിജീവനത്തിന്റെ പ്രതീകമായി മാറിയ ആറ് വ്യക്തികൾക്കും നാല് സംഘടനകൾക്കും പുരസ്കാരം നൽകി ആദരിച്ചുവെന്ന് ഏഷ്യാനെറ്റ് അറിയിച്ചു. സഹജീവികൾക്കായി സ്വജീവൻ നൽകിയ പ്രജീഷ്, ദുരന്തത്തിന്റെ വ്യാപ്തി ശബ്ദത്തിലൂടെ അറിയിച്ച് മരണത്തിലേക്ക് മറഞ്ഞ നീതു, അതിശക്തമായ രീതിയിൽ ജീവിതത്തിലേക്ക് തിരികെയെത്തിയ ഹാനി, നൂറിലേറെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ പൊതുപ്രവർത്തക ഷൈജ, ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി മുബീന, അതിസാഹസികമായി കുട്ടികളെ രക്ഷിച്ച വനം വകുപ്പ് ജീവനക്കാർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ.