തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ആരംഭിക്കും. രാവിലെ 9 മണിക്ക് ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പിന്നീട്, ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന കരുവന്നൂര്‍ തട്ടിപ്പ്, മറ്റ് സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭയുടെ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
നിലവിലെ സെക്രട്ടറി എംഎം വര്‍ഗീസ് പദവിയൊഴിയാനുള്ള സാധ്യതയുണ്ട്. അബ്ദുള്‍ ഖാദര്‍, യു.പി. ജോസഫ് എന്നിവരുടെ പേരുകള്‍ സജീവമായി മുന്നോട്ടുവയ്ക്കപ്പെടുന്നു. 11ന് ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ ജില്ലാ സമ്മേളനമായതിന്റെ പ്രത്യേകതയും തൃശൂരിന് ഉണ്ട്.