തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക്. എങ്കിലും പ്രതീക്ഷയോടെ കടലില്‍ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികള്‍. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകള്‍ സജ്ജമാക്കിയും പഴയ വലകള്‍ നന്നാക്കിയും മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. പുത്തന്‍ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകള്‍ നിറച്ചു തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി മീന്‍ പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും. പതിവു പോലെ കഴന്തനും കരിക്കാടിയും ആദ്യം വല നിറയ്ക്കും. പിന്നാലെ ചാകരക്കോള് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയും ഉണ്ട്. ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ പരാതി ഉയര്‍ത്തുന്നു. യന്ത്രവല്‍കൃത ബോട്ടുകളില്‍ മീന്‍ പിടിത്തം തുടങ്ങുന്നതോടെ മീന്‍ വിലയില്‍ കുറവുണ്ടാകുമെന്ന ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക്.